Tuesday, August 16, 2016

ചുവരുകൾ

ഭൂപടങ്ങൾ സത്യമാണ്,അതിരുകളും.
കൊഴിഞ്ഞുപോകാത്ത ഭരണകൂടങ്ങൾ
കാവലായകാലത്തോളമത് മാറ്റാനാകില്ല,തിരുത്താനും.
അതുവരെ നിങ്ങളുടേത് നിഴൽയുദ്ധങ്ങൾ മാത്രമാണ്
പെറുക്കിയെറിഞ്ഞ കല്ലുകളെല്ലാം മതിലിൽതട്ടിയ പന്തുകളാകും
കുരുതികൊടുക്കപ്പെട്ടകുഞ്ഞുങ്ങളൊക്കെ
കരിഞ്ഞുവീണ പൂക്കൾ മാത്രം
കീറിപ്പറിഞ്ഞവരാരും മുലചുരത്തിയിട്ടില്ലചരിത്രത്തിൽ,
ചിതറിത്തെറിച്ചവരൊന്നും രക്തസാക്ഷികളുമായിട്ടില്ല.
പടിപ്പുരതകർക്കാതെ അകത്ത്കയറാനുമാകില്ല.
വരൂ, ഈ ചുവരുകൾ രക്തംകൊണ്ട് കുതിരട്ടെ,
കുതിർന്ന് തകരട്ടെ  ചുവരുകളെല്ലാം.

Thursday, August 20, 2015

റെഡ് സ്ട്രീറ്റ്




ഇതൊരുചുവന്ന തെരുവാണു, 
ഇവിടെയൊരു ചായക്കടയുണ്ട്‌, 
സമോവറിൻ താഴെ കനലുകളിൽ രാഷ്ട്രീയം എരിയുന്നുണ്ട്‌.
ഊതിയാറ്റുന്ന ചായയിലും ലോകം ഉൽക്കണ്ഠാകുലമാകുന്നുണ്ട്‌. തൊട്ടപ്പുറത്ത്‌ കാണുന്നതൊരു ബാർബർ ഷോപ്പാണു,
തെന്നി നീങ്ങുന്ന കത്തിയിൽ സാമ്രാജ്യത്വം അരിഞ്ഞുവീഴുന്നുണ്ട്‌
ചിലച്ചുപായുന്ന കത്രികയിൽ
ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളുടെ നിലവിളികളുണ്ട്‌ ആൽത്തറയിലെ ചെരുപ്പുകുത്തി കല്ലും മുള്ളും
പ്രതിരോധിക്കുമെന്നു ആണയിടുന്നു. തയ്യൽക്കടയിലെ നിലക്കാത്ത താളം ചുവന്നകൊടികൾ തുന്നിനിറക്കുന്നതാണ്.
കൊല്ലന്റെ ആലയിൽ പഴുക്കുന്നതെല്ലാം വാൾത്തലകളാണ്. ഉണക്കാൻ വെച്ച മീൻ കുട്ടകളിലുള്ളതെല്ലാം നാളെപ്പൊതിഞ്ഞെടുക്കാനുള്ളതാണ് ആൽത്തറയിലിരുന്ന് യാചകരില്ലാത്ത ലോകം സ്വപ്നം കാണുന്നുണ്ട്‌ 
ഒരു വൃദ്ധൻ ഈ തെരുവ്‌ വീണ്ടെടുക്കലിന്‍റെതാണ് മറന്നുപോയ പോരാട്ടത്തിന്‍റെ ഇന്നലെകളെ 
നാളെകൾക്കായി കരുതിവെക്കുന്നതാണു. ഇതൊരു ചുവന്ന തെരുവാണ്

Monday, June 3, 2013

ഇരകള്‍ വേട്ടക്കാരോട്


ഹരിതവേട്ട തുടങ്ങേണ്ടത് ഇവിടെനിന്നല്ല
ഹരിതാഭമായ ഈ വയലേലകളില്‍
വെടിയുണ്ട കൊണ്ടു വിളവെടുത്തും
കരിമ്പ് തോട്ടങ്ങളില്‍ ടാങ്കുകളുരുട്ടിയുമല്ല,
വേട്ടക്കാരുടെ മനസ്സിന്‍ താമസ്സിലാണാദ്യം
വെളിച്ചത്തിന്‍റെ ധവളവേട്ട നടത്തേണ്ടത്.

തലമുറകള്‍ പലതായ് നിങ്ങള്‍ തുടരുന്ന
സമ്പത്തിന്‍റെ കൂട്ടിവെക്കലുകള്‍ മറയ്ക്കുന്ന പീതവേട്ടകള്‍ക്കും
വിദ്യാലയങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ ആട്ടിയകറ്റി
അക്ഷരം നിഷേധിച്ച കറുത്ത വേട്ടകള്‍ക്കും
ഉയര്‍ന്ന കരങ്ങളും ചൂണ്ടിയ വിരലുകളും
പടപ്പാട്ട് പാടിയ നാവുകളും അറുത്തെടുത്ത്
നിങ്ങള്‍ ആഘോഷിച്ച അരുണവേട്ടകള്‍ക്കും
ഇരുളിന്‍ മറവില്‍ ആരെയോ തിരയാന്‍
ചവിട്ടേറ്റ വാതിലുകള്‍ക്കപ്പുറം നാവുനുണഞ്ഞ്
നിങ്ങള്‍ നടത്തിയ നീലവേട്ടകള്‍ക്കും
മണ്ണും മരവും മഴയുമാകാശവും
വിപണികളില്‍ വിടര്‍ത്തിയിട്ട് നിങ്ങളാടിയ
മാരിവില്‍ വര്‍ണ്ണ സ്വര്‍ണ്ണവേട്ടകള്‍ക്കും
ഒന്നിനും ഒന്നിനും ഇതുവരെ തോല്ക്കാത്തവരോടാണ്
ഇനി പുതുതാം ഹരിതവേട്ട.

ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നിന്നും
അടുപ്പുപുകയാത്ത അടുക്കളകളില്‍ നിന്നും
വിശന്നുകരയുന്ന കുഞ്ഞുങ്ങളുടെ തൊട്ടിലുകളില്‍ നിന്നും
ആട്ടിയകറ്റപ്പെടുന്ന നടവഴികളില്‍നിന്നും
കവര്‍ച്ചചെയ്യപ്പെടുന്ന വിയര്‍പ്പുതുള്ളികളില്‍നിന്നും
മാനഭംഗപ്പെട്ടു കീറിയ തുണിക്കഷണങ്ങളില്‍ നിന്നും
തകര്‍ക്കപ്പെട്ട ദൈവത്തറകളില്‍ നിന്നും
ഇരകള്‍ ഉയിര്‍ത്തുകൊണ്ടിരിക്കും, കൊല്ലാം
പക്ഷെതോല്‍പ്പിക്കാനാകില്ല എന്നാര്‍ത്തുകൊണ്ടിരിക്കും
കാലം സാക്ഷി, ചരിത്രം സാക്ഷി.

നിറമേതുമില്ലാത്ത മിഴിനീര്‍ ഗംഗയില്‍
മൂക്കോളംമുങ്ങിത്തുഴഞ്ഞിടുമ്പോള്‍
ഇനിവരും വരുമെന്ന് നിങ്ങള്‍ ഘോഷിക്കുന്ന
നൂറായിരം നിറവേട്ടകളെ ഭയവുമില്ല.
കാലം സാക്ഷി, വര്‍ത്തമാനകാലം സാക്ഷി.

Saturday, March 9, 2013

ജിഹാദ്


നിനക്കതിനെ സ്വയം ജിഹാദ് എന്ന് വിളിക്കാം
വിജയം ലക്ഷ്യമാകുമ്പോള്‍മാര്‍ഗ്ഗം സാധൂകരിക്കപ്പെട്ടെക്കാം
പക്ഷെ യുദ്ധം വിശുദ്ധമാകണമെങ്കില്‍
മാര്‍ഗ്ഗവും അങ്ങനെയായിരിക്കണം.
തോളില്‍ പ്രാരാബ്ദത്തിന്റെ ഭാണ്ഡംപേറിയവര്‍
കീറിത്തുന്നിയ സഞ്ചികളില്‍ മോഹം വിലപേശി വാങ്ങിയവര്‍
കാരുണ്യത്തിന്റെ നാണയത്തുട്ടുകള്‍ക്കായ് കൈനീട്ടിയവര്‍
മുലചുരത്തുന്ന അമ്മമാര്‍ നുണഞ്ഞുറങ്ങുന്ന കുഞ്ഞുങ്ങള്‍
ഒരുകൂട്ടം മനുഷ്യശരീരങ്ങളെ കരിപുരണ്ട മാംസക്കഷ്ണങ്ങളാക്കി
ഉയര്‍ന്നു പൊങ്ങുന്ന കറുത്ത പുകയെങ്ങനെ വിശുദ്ധമാകും
മണ്ണും വിണ്ണും പെണ്ണും പൊന്നും കാല്ക്കീഴിലിട്ടു ഞെരിക്കുന്ന
ചെകുത്താന്മാര്‍ ദന്ത ഗോപുരങ്ങളില്‍ ഇരുന്നു രമിക്കുമ്പോള്‍
അവര്‍ക്കുവേണ്ടി നിസ്വരുടെ രക്തം നിറച്ചു പാനപാത്രമൊരുക്കുന്ന
നീയെങ്ങനെ ദൈവത്തിന്‍റെ പോരാളിയാകും
ക്രൂരതയുടെ തോക്കിന്‍കുഴലുകള്‍ കൊണ്ടും
വിദ്വേഷത്തിന്റെ തരംഗങ്ങള്‍കൊണ്ടും
തുറക്കാവുന്നതാണോ സ്വര്‍ഗ്ഗ വാതില്‍
സമാധാനത്തിന്റെ വെള്ളരിപ്രാവുകളും
സ്നേഹത്തിന്റെ റോസാപ്പൂക്കളുമില്ലാതെ
ഏദന്‍തോട്ടമെങ്ങനെ പൂര്‍ണ്ണമാകും
ആരാധനാലയങ്ങള്‍ക്കു ചുറ്റിലും ബാങ്ക് വിളികളെക്കള്‍
ഉച്ചത്തില്‍ അഗതികളുടെയും ആശരണരുടെയും
ആര്‍ത്തനാദമുയരുമ്പോള്‍
നിസ്സഹായതയുടെ നിസ്കാരപ്പായകളില്‍
വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പു പടരുമ്പോള്‍
നിന്‍റെ യുദ്ധം തുടങ്ങേണ്ടതിവിടെനിന്നു
ഓരോ ധാന്യമണിക്ക് മുകളിലും അതര്‍ഹിക്കുന്നവന്റെ
നാമമെഴുതിവെച്ചിരിക്കുന്നു എന്ന്
അവിടുന്ന് നിന്നോട് പറഞ്ഞുവെങ്കില്‍
നിന്‍റെയീ പടയോട്ടം ധനികന്റെ ധാന്യപ്പുരകളിലെക്കാവട്ടെ
നിന്‍റെ ധാന്യമണി നിനക്കും അഗതിയുടെതവനും
നേടിക്കൊടുക്കാനാകട്ടെ നിന്‍റെയീ പടപ്പുറപ്പാട്
ഒടുവില്‍ വിശുദ്ധിയുടെചന്ദ്രക്കല മാനത്തുതെളിയുകയും
ഭൂമിയില്‍വിശപ്പടങ്ങിയവന്റെ പുഞ്ചിരി
റംസാന്‍നിലാവായി പരക്കുകയും ചെയ്യുമ്പോള്‍
അന്ന്മുതല്‍ മാത്രം ഞാനുമതിനെ
ജിഹാദ്എന്നും നിന്നെ ജിഹാദിയെന്നും വിളിക്കും
അതുവരെ.....




Friday, November 2, 2012

ജീവിതപ്പാത



യാത്ര തുടങ്ങിയത്‌ കൊടുംകാട്ടില്‍ നിന്നായിരുന്നു
കല്ലും മുള്ളും നിറഞ്ഞ ദീര്‍ഘവും ദുര്‍ഘടവുമായ പാത
ഇടക്കിടെ അവന്‍ പ്രത്യക്ഷപ്പടുമായിരുന്നു , ശത്രു.
പേമാരിയായും കാട്ടുതീയായും കാട്ടുമൃഗമായും
അവന്‍ പതിയിരുന്ന പാതയോരങ്ങള്‍ താണ്ടവേ
അതിജീവനം അതല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു
കല്ലും മുള്ളും കമ്പും തീയും വെള്ളവും ആയുധങ്ങളായി
സന്ധിയില്ലാത്ത പോരാട്ടം അവനെ തുരത്തിയോടിച്ചു.

പാതക്കിരുവശവും കൊടും കാട് വെട്ടിത്തെളിച്ചു
വേര്‍തിരിച്ചു വിത്തെറിഞ്ഞ്‌ നൂറുമേനി വിളയിച്ചപ്പോള്‍
അവന്‍ വീണ്ടുമെത്തി ഭൂമിയുടെ അവകാശിയായ്‌
വിയര്‍പ്പിന്‍റെ വിലപറയാന്‍ ജന്മിയായ്‌
കതിരവനും പതിരുമാത്രം ബാക്കിയായപ്പോള്‍
വീണ്ടും മണ്ണിനുവേണ്ടി പോരാട്ട ദിനങ്ങള്‍
ഹൃദയരക്തം വീണു നനഞ്ഞ തുണിക്കഷ്ണങ്ങളില്‍
പ്രതീക്ഷയുടെ ചുവന്ന നക്ഷത്രങ്ങള്‍ ഉദിച്ചപ്പോള്‍
അത് കെട്ടിയുയര്‍ത്തിയ വാരിക്കുന്തങ്ങള്‍ കൊടികളായപ്പോള്‍
കൊയ്ത്തരിവാളുകള്‍ ചോര വീണുചുകന്നപ്പോള്‍
അവന്‍റെ തിരോധാനം, തിരിച്ചുവരവിനായിരുന്നിരിക്കണം.

പിന്നീട് വലിയ ഇരുമ്പുമറകള്‍ക്കുള്ളില്‍
കൂറ്റന്‍ യന്ത്രങ്ങളലറാന്‍ തുടങ്ങിയകാലത്ത്
കണ്ണീരും ചോരയും ഉപ്പും വിയര്‍പ്പും
വീണുതിളങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണികളെ ഉണര്‍ത്തിയപ്പോള്‍
അവന്‍ വീണ്ടുമെത്തി , ലാഭത്തിന്‍റെ അവകാശിയായ്.
തൊഴിലിടത്തിന്‍റെ ഉടമയായ്, മുതലാളിയായ്‌.
തോക്കിന്‍കുഴലിനു മുന്നിലുയര്‍ത്തിയ ചെങ്കൊടികള്‍
തുളവീണുകീറിയിട്ടും പിന്തിരിയാത്തവരുടെ ആക്രോശം
അവന്‍റെ കോട്ടകൊത്തളങ്ങളെ തകര്‍ത്തുകളഞ്ഞു
സമ്പൂര്‍ണപരാജയം, അവന്‍ ഒളിച്ചിരുന്നിരിക്കാം .

ഇപ്പോള്‍ ഇവിടെയീ പാത അവസാനിക്കുന്നു
മുന്നില്‍ മഹാസാഗരം, അനന്തത അപാരത.
എവിടെയോ അവന്‍റെ ചിരികേള്‍ക്കുന്നുണ്ട്
മണ്ണും വിണ്ണും അവന്‍റെയെന്നലറുന്നുണ്ട്
കടലിനടിയിലാവാം, മേഘങ്ങള്‍ക്കിടയിലാവാം
ഭൂമിക്കടിയിലാവാം ,ശത്രു അദൃശ്യനാണ്.
എങ്കിലും പോരാട്ടം തുടങ്ങാതെ വയ്യ, അതല്ലാതെ മാര്‍ഗ്ഗമില്ല.
 മാറാപ്പിലെന്നോ മറന്നുവെച്ച ചെങ്കൊടി മുഷിഞ്ഞിരിക്കുന്നു
പൊടിപിടിച്ച മങ്ങിയ നക്ഷത്രങ്ങള്‍ നിറംകെട്ടിരിക്കുന്നു.
കഴുകിയുണക്കിയുയര്‍ത്തേണ്ട കാലമായിരിക്കുന്നു.
മുഷ്ടിചുരുട്ടിത്തുടങ്ങാം തൊണ്ടപൊട്ടിയലറിത്തുടങ്ങാം.
മനുഷ്യന്‍ ജീവിക്കട്ടെ, സമത്വം പുലരട്ടെ, വിപ്ലവം ജയിക്കട്ടെ.

Friday, June 8, 2012

വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍


പകലിനെയെരിക്കുന്ന സൂര്യനുമന്തിയില്‍
ചക്രവാളത്തിന്‍ ചുകപ്പായിടും
കറുത്തവാവു വിഴുങ്ങിയോരമ്പിളിയും
പൊന്നരിവാള് പോലെ ഉദിച്ചുയരുന്ന നാള്‍ വരും
മണല്‍ക്കുഴികളായോരീ ആഴങ്ങളിലൊക്കെയും 
പുഴ കുലംകുത്തിയൊഴുകി പുളകങ്ങളായിടും 
ചാരം നിറഞ്ഞോരീ മാമലകളൊക്കെയും
പച്ച പുതച്ചിട്ടു  നീര്‍ച്ചാലൊഴുക്കിടും
വെട്ടിപ്പരത്തിയ മരക്കുറ്റികള്‍ക്ക് ചുറ്റിലും
കുഞ്ഞിത്തൈകള്‍ മുളച്ചിട്ടു കാടായ്‌ വളര്‍ന്നിടും
കുഴലുവറ്റിച്ചോരീ കിണറുകളിലോക്കെയും
നീരുരവ പൊട്ടി പ്രളയം പിറന്നിടും
മഴവില്ലുമാഞ്ഞോരാ വാനത്തിലൊക്കെയും
മഴമേഘം നിറഞ്ഞിട്ടാലിപ്പഴം പൊഴിച്ചിടും 
കനിവുവറ്റിപ്പോയ കരളുകളിലൊക്കെയും
സ്നേഹം നിറഞ്ഞിട്ടുപൂക്കളം തീര്‍ത്തിടും
കരിഞ്ഞു കരഞ്ഞോരീ വിളനിലങ്ങളിലൊക്കെയും
കതിരുവിളഞ്ഞിട്ടു കണ്ണീര്‍ തുടച്ചിടും
അന്ന്,
വാടിക്കരിഞ്ഞ വസന്തങ്ങളൊക്കെയും വീണ്ടും
ഇടിമുഴക്കത്തോടെ പൂത്തുതളിര്‍ത്തിടും.. 

Friday, May 18, 2012

മാറ്റുവിന്‍



പൊരുതുവാന്‍ മെയ്യില്‍ കരങ്ങളുണ്ട്
ചോരയില്‍ പോരട്ടവീര്യമുണ്ട്
കരളില്‍ എരിയുന്ന പന്തമുണ്ട്
കണ്ണില്‍ കൊളുത്തുവാന്‍ അഗ്നിയുണ്ട്
എയ്യുവാന്‍ നാവില്‍ ശരങ്ങളുണ്ട്
വാക്കിന്നു വാള്‍ത്തലയുടെ മൂര്‍ച്ചയുണ്ട്
മുന്നിലീ അഴലിന്‍ ആഴിയുണ്ട്
നിസ്വരുടെ ദൈന്യമാം രോദനങ്ങള്‍
എന്നിട്ടുമെന്തേ മനുഷ്യനത്രേ നീ
പ്രതിമയെപ്പോലെ  പകച്ചുനില്‍പ്പൂ
കഴുതയെപ്പോലെ കരഞ്ഞിരിപ്പൂ
ഇനിയെന്നു വാള്‍ത്തലകള്‍ രാകിവെക്കും
ഇനിയെന്നു കുന്തങ്ങള്‍ മൂര്‍ച്ചകൂട്ടും
ഇനിയെന്നു കലാപം ഇനിയെന്നു യുദ്ധങ്ങള്‍
ഇനിയെന്നു മാറ്റത്തിന്‍ കാഹളങ്ങള്‍